الاثنين، 1 يونيو 2020

അണയും മുമ്പേ

അണയും മുമ്പേ
സിറിയയിൽ ഒരു ഗുരുവുണ്ടായിരുന്നു. വർഷങ്ങളായി അദ്ദേഹം കരഞ്ഞു പ്രാർഥിക്കുന്നതും പാപമോചനം തേടുന്നതും കണ്ട ശിഷ്യരിൽ ഒരാൾ ചോദിച്ചു: "ഗുരോ... ഞങ്ങൾ കാണുന്ന നാൾ മുതൽ അങ്ങ് എല്ലാ രാത്രികളിലും അല്ലാഹുവിനോട് കരഞ്ഞ് പാപമോചനം തേടുകയാണല്ലോ...
അതിനും മാത്രം എന്ത് തെറ്റാണ് ജീവിതത്തിൽ സംഭവിച്ചത്.?" ഗുരു ഓർമകളുടെ കെട്ടഴിച്ചു: "വർഷങ്ങൾക്ക് മുമ്പ് ദമസ്കസിൽ എന്റെ വീട് നിൽക്കുന്ന പ്രദേശത്ത് ഒരു വലിയ തീപിടുത്തമുണ്ടായി. നൂറുകണക്കിന് വീടുകൾ കത്തിയമർന്നു. വാർത്ത കേട്ട് ഞാൻ ഓടിയെത്തിയപ്പോഴേക്കും ഒരു നാടിനെ മുഴുവൻ അഗ്നി വിഴുങ്ങിയിരുന്നു.!
തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഏതാനും വീടുകളിലൊന്ന് എന്റേതാണ് എന്നറിഞ്ഞപ്പോൾ ഞാൻ മനസ്സിൽ അല്ലാഹുവിനെ സ്തുതിച്ചു, അൽഹംദുലില്ലാഹ്...! തൊട്ടടുത്ത നിമിഷമാണ് ഞാനെത്ര വലിയ അപരാധമാണ് ചെയ്തതെന്ന് ബോധ്യമായത്. നൂറുകണക്കിനാളുകൾക്ക് ജീവനും വീടും നഷ്ടപ്പെട്ട സാഹചര്യത്തിൽ ദൈവത്തെ സ്തുതിച്ച ഞാനെത്ര പാപി, എത്ര സ്വാർത്ഥൻ.! മരണം വരെ കരളുരുകി പ്രാർഥിച്ചിട്ടെങ്കിലും ആ പാപം പൊറുക്കപ്പെടട്ടെ."!!!
ചെറിയ തെറ്റുകളെ നിസ്സാരമായി കാണുന്നതാണ് നമുക്ക് സംഭവിക്കുന്ന ഏറ്റവും വലിയ തെറ്റ്. അരുതായ്മകളിലേക്ക് ചാഞ്ഞു കിടക്കുന്നവയാണ് ഓരോ മനുഷ്യ മനസ്സും. ജീവിത സന്ധികളിൽ സംഭവിച്ചുപോയ വീഴ്ചകളെത്രയാണെന്ന് നാം ഓർക്കാറുണ്ടോ.? മറ്റൊരാളുടെ മനസ്സു വേദനിപ്പിച്ചും കുത്തിനോവിച്ചും അഭിമാനത്തിന് ക്ഷതം വരുത്തിയും സമ്പത്ത് അന്യായമായി കവർന്നുമെല്ലാം പാപക്കറ പുരണ്ട മനസ്സാണ് നമ്മുടേത്. കരഞ്ഞുകലങ്ങിയ കണ്ണുകളും നീറുന്ന ഹൃദയവുമായി പശ്ചാത്തപിക്കാൻ തയ്യാറുണ്ടോ.? പ്രപഞ്ചനാഥൻ ഒരു വിളിപ്പാടകലെയുണ്ട്... അല്ല ജീവനാഡിയെക്കാൾ അടുത്തുണ്ട്.!!
പേർഷ്യൻ പട്ടണമായ തുസ്‌തറിലെ കോട്ടകൾ മുസ്ലിങ്ങൾ കീഴടക്കിയ ചരിത്രം ഓർക്കുമ്പോഴെല്ലാം മഹാനായ അനസ് ബിനു മാലിക് (റ) വിതുമ്പിക്കരയുമായിരുന്നു. യുദ്ധം കൊടുമ്പിരി കൊണ്ടതും മുസ്ലിങ്ങൾ കോട്ട കീഴടക്കുന്നതും സുബ്ഹിന്റെ നേരത്തായിരുന്നു. അന്ന് നഷ്ടപെട്ട സുബഹി നമസ്കാരമാണ് മരണക്കിടക്കയിലും അദ്ദേഹത്തെ കരയിച്ചത്. സംഭവിച്ചുപോയ തെറ്റുകളെയോർത്ത് നമ്മളെന്നെങ്കിലും കരഞ്ഞിട്ടുണ്ടോ.? കാരുണ്യക്കടലായ നാഥന്റെ മുന്നിൽ എല്ലാം ഏറ്റു പറഞ്ഞിട്ടുണ്ടോ.?
ഈ റമദാൻ വിടപറയുമ്പോഴും ഇല്ലയെന്നാണ് ഉത്തരമെങ്കിൽ ആയുസ്സിന്റെ കണക്കു പുസ്തകത്തിലേക്കിതാ നഷ്ടങ്ങളുടെ പുതിയൊരധ്യായവും കൂടി ചേർക്കപ്പെടുന്നു.
പുണ്യമാസത്തിന്റെ പ്രകാശണയും മുമ്പേ ശേഷിക്കുന്ന ഏതാനും നിമിഷങ്ങൾ മറ്റെന്തിനേക്കാളും പ്രധാനമാണ്. കണ്ണീർ പൊഴിക്കാം... കരളു പൊട്ടിക്കേഴാം... ഒരു പ്രാർത്ഥനയും വെറുതെയാവില്ല... ജീവനാഥന്റെ കാരുണ്യ സ്പർശമേൽക്കാത്തൊരു സൂക്ഷ്മകണവും ഈ പ്രപഞ്ചത്തിലില്ലല്ലോ...!!
✍🏼 അംജദ് അമീൻ കാരപ്പുറം

ليست هناك تعليقات:

إرسال تعليق