الاثنين، 1 يونيو 2020

വാക്കുകൾ മുറിയുന്നു

വാക്കുകൾ മുറിയുന്നു
പുണ്യരാവുകളുടെ അവസാനത്തെ നുറുങ്ങുവെട്ടവും ഇതാ അണയുന്നു.
നന്മയുടെ നറുമണം പരത്തിയ പൂക്കൾ വാടുന്നു. ആശ്വാസത്തിന്റെ തണൽ വിരിച്ച ഇലപ്പടർപ്പുകൾ കൊഴിഞ്ഞു തീരുന്നു. തിന്മകളുടെ കുത്തൊഴുക്കിൽ തുണയായ അവസാനത്തെ കച്ചിത്തുരുമ്പും കൈവിട്ടു പോവുന്നു. മനസ്സിൽ പുണ്യങ്ങളുടെ വസന്തമായി പൂത്തുലഞ്ഞ, സ്വർഗീയ കവാടങ്ങൾ മലർക്കെ തുറക്കപ്പെട്ട, മാരി പെയ്യും രാവിനെക്കാൾ കുളിരേകിയ ഈ റമദാനും ഓർമത്താളുകളിൽ ഇടം പിടിക്കുന്നു.
ഓർത്തു വയ്ക്കാൻ ഒരുപാടുണ്ട് ഈ റമദാനിൽ. സമൂഹിക അകലവും
മനസ്സിന്റെ കരുത്തും കൈമുതലാക്കി വലിയൊരു മഹാമാരിയെ തുരത്തിയ പോരാട്ടത്തിന്റെ, ആരാധനാലയങ്ങളുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെട്ടപ്പോൾ വീടകങ്ങളിലും മനസ്സകങ്ങളിലും മസ്ജിദുകൾ തുറന്ന അജിജീവനത്തിന്റെ, കുടുംബത്തോടൊപ്പമുള്ള ജമാഅത്ത് നമസ്കാരങ്ങളേകിയ ആത്മീയമായ അനുഭൂതിയുടെ, പട്ടിണി പടികയറിയവരുടെ വേദനയറിയാൻ കഴിഞ്ഞതിന്റെ, ഇരുൾ മുറ്റിയ ഒരുപാട് ജീവിതങ്ങളിൽ സാന്ത്വനത്തിൻ തിരിവെട്ടം തെളിയിക്കാനായതിന്റെ, നിരാശയാൽ വറ്റിവരണ്ട ഹൃദയങ്ങളിൽ പ്രതീക്ഷയുടെ മഴയായി പെയ്തിറങ്ങിയതിന്റെ നനവോർമകൾ.! മഴ തോർന്നാലും മരത്തിന്റെ ഇലകൾ തോരാതെ പെയ്യുന്നത് കണ്ടിട്ടില്ലേ... ഇനിയുള്ള നാളുകളിൽ ഈ റമദാന്റെ ഓർമകളും മനസ്സിൽ തോരാതെ പെയ്യും.!!
കഴിഞ്ഞുപോയ ദിനാരാത്രങ്ങളിൽ
നമ്മുടെ ഓരോ ചുവടും അത്രമേൽ കരുതലോടെയായിരുന്നു. തുടർന്നുള്ള ജീവിതത്തിലും അതുണ്ടാവുമ്പോഴാണ്
റമദാൻ നമ്മുടെ ഹൃദയത്തിൽ
തൊട്ടുവെന്ന് പറയാനാവുക.!
'റമദാനെഴുത്തുകൾ' എന്ന പേരിൽ കഴിഞ്ഞ ഒരു മാസക്കാലമായി എഴുതിക്കൊണ്ടിരുന്ന കുറിപ്പുകൾ ഇതോടെ അവസാനിക്കുന്നു... വാക്കുകളും വരികളും മുറിയുന്നു... കുത്തിക്കുറിച്ചതെല്ലാം വായനക്കാർക്ക് ഏതെങ്കിലും വിധത്തിൽ ഉപകാരമായിരുന്നോ എന്നറിയില്ല. നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട അബദ്ധങ്ങളും ന്യൂനതകളും ഗുണകാംക്ഷയോടെ ചൂണ്ടിക്കാണിക്കുമെന്ന പ്രതീക്ഷയോടെ... പ്രാർഥനകളോടെ...
✍🏼 അംജദ് അമീൻ കാരപ്പുറം

ليست هناك تعليقات:

إرسال تعليق