റമദാൻ 27
20-05-2020
20-05-2020
"പൊതു ഖജനാവിൽ നിന്ന് എനിക്ക് അനുവദനീയമായത് എന്തെല്ലാമാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. രണ്ടു വസ്ത്രങ്ങൾ. ശൈത്യകാലത്തേക്കൊന്ന്, ഉഷ്ണകാലത്തേക്ക് മറ്റൊന്ന്. ഹജ്ജിനും ഉംറക്കും പോവാൻ ഒരു വാഹനം. ഒരു സാധാരണക്കാരന്റെ ഭക്ഷണം പോലെ എനിക്കും എന്റെ കുടുംബത്തിനും വിശപ്പകറ്റാനുള്ള എന്തെങ്കിലും. അതിനപ്പുറത്തേക്ക് ഞാൻ ഒന്നുമല്ല. നിങ്ങളെപ്പോലൊരു പ്രജ." മദീനയിലെ ക്ഷാമകാലം മാറി ഖജനാവിൽ വീണ്ടും പണം കുമിഞ്ഞു കൂടാൻ തുടങ്ങിയപ്പോൾ ഖലീഫാ ഉമർ പറഞ്ഞ വാക്കുകളാണ്. ഉറക്കം തന്റെ കൊച്ചു കുടിലിൽ. കൊട്ടാരത്തിന് പകരം ഭരണകാര്യങ്ങൾ നിയന്ത്രിച്ചത് ഓലമേഞ്ഞ മദീന പള്ളിയിലിരുന്ന്. കൊട്ടാരവും കൂട്ടിന് പരിവാരങ്ങളും ചുറ്റുകാവൽക്കാരുമില്ലാത്ത ചക്രവർത്തി.!
ചരിത്രം വെറുതെ വായിക്കാൻ എന്തെളുപ്പം. സ്വന്തം ജീവിതവുമായി ചേർത്തു വായിക്കാനാണ് പ്രയാസം. പറിച്ചെറിയാനാവാത്ത വിധം ധൂർത്തും ആർഭാടവും അത്രമേൽ നമ്മിൽ വേരുകളാഴ്ത്തിയിട്ടുണ്ട്. ഇതൊന്നുമില്ലാതെ ജീവിക്കാനാവുമെന്ന് പഠിപ്പിച്ച മഹാമാരിക്ക് നന്ദി. റോമും പേർഷ്യയുമുൾപ്പെടുന്ന ഇസ്‌ലാമിക സാമ്രാജ്യം അടക്കി ഭരിച്ച ഖലീഫാ ഉമറിന് ലളിത ജീവിതം നയിക്കാനാവുമെങ്കിൽ പിന്നെ നമുക്കെന്താണ് തടസ്സം.?
ലളിത ജീവിതമാണ് ഇസ്‌ലാമിന്റെ കാതൽ. അതെങ്ങനെയാണെന്ന് പ്രവാചകൻ ജീവിച്ചു കാണിച്ചു തന്നു. വീട്ടുജോലികൾ ചെയ്തും വസ്ത്രം വൃത്തിയാക്കിയും ആടിനെ കറന്നും ചെരിപ്പ് തുന്നിയും ഈന്തപ്പനയോലയിൽ ഉറങ്ങിയും ലാളിത്യം ലളിതമായി വരച്ചിട്ടു. ആയിശാ ബീവിയുടെ വീട് ഒരത്ഭുതമാണ്. നിത്യോപയോഗത്തിന് അനിവാര്യമായ ഏതാനും ഉപകരണങ്ങൾ മാത്രമുള്ള, കൈ ഉയർത്തിയാൽ മേൽപ്പുരയിൽ തട്ടുന്നൊരു കുടിൽ. ഒരു കട്ടിൽ, നാര് നിറച്ച കോസടിയും തലയണയും, ഒരു മൺകൂജയും മൺകുടവും, ഒരു തുകൽ സഞ്ചി എന്നിങ്ങനെ എളുപ്പത്തിൽ എണ്ണിത്തിട്ടപ്പെടുത്താവുന്ന വീട്ടുപകരണങ്ങൾ. ഇഹലോകവാസം വെടിയും വരെ ഒരിക്കൽ പോലും തുടർച്ചയായി രണ്ടു ദിവസം ഗോതമ്പ് റൊട്ടികൊണ്ട് വിശപ്പടക്കിയിട്ടില്ലാത്ത ജീവിതമായിരുന്നു തിരുദൂതരുടേത്.
ലളിത ജീവിതമെന്നാൽ പരിമിതമായ ആവശ്യങ്ങൾ കൊണ്ട് ജീവിക്കുക എന്നതാണ്.
ആവശ്യങ്ങൾ പെരുകുമ്പോൾ അത്യാഗ്രഹങ്ങൾ ജനിക്കുന്നു. ദുനിയാവിനോട് ഒരു താൽപര്യവുമില്ലാത്ത സന്യാസ ജീവിതം നയിക്കണം എന്ന് എഴുതാപ്പുറം വായിക്കരുത്. ഏറ്റവും അനിവാര്യമായതും പ്രധാനപ്പെട്ടതും സ്വീകരിക്കുക, ബാക്കിയെല്ലാം ഉപേക്ഷിക്കുക, വിധിക്കപ്പെട്ടതിൽ തൃപ്തനാവുക. അത്രമാത്രം.!!
ആവശ്യങ്ങൾ പെരുകുമ്പോൾ അത്യാഗ്രഹങ്ങൾ ജനിക്കുന്നു. ദുനിയാവിനോട് ഒരു താൽപര്യവുമില്ലാത്ത സന്യാസ ജീവിതം നയിക്കണം എന്ന് എഴുതാപ്പുറം വായിക്കരുത്. ഏറ്റവും അനിവാര്യമായതും പ്രധാനപ്പെട്ടതും സ്വീകരിക്കുക, ബാക്കിയെല്ലാം ഉപേക്ഷിക്കുക, വിധിക്കപ്പെട്ടതിൽ തൃപ്തനാവുക. അത്രമാത്രം.!!
ലാളിത്യത്തിന്റെ ഊടുവഴികൾ താണ്ടിയവനേ ആത്മീയമായ ഔന്നിത്യം ലഭിക്കൂ.!
✍🏼അംജദ് അമീൻ കാരപ്പുറം
ليست هناك تعليقات:
إرسال تعليق